ന്യൂഡൽഹി: “ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും ഭാഗ്യവാനാണെന്നു തോന്നുന്നു. പക്ഷേ മാനസികമായും ശാരീരികമായും വലിയ ദുരിതത്തിലും ഒറ്റപ്പെടലിലുമാണ്. സ്വന്തം ഭാര്യയോടും നാലു വയസുള്ള മകനോടും പോലും സംസാരിക്കുന്നതു വിരളമാണ്.’’ 241 പേരുടെ മരണത്തിനിടയാക്കിയ അഹമ്മദാബാദിലെ എയർ ഇന്ത്യ വിമാനാപകടത്തിൽനിന്നു രക്ഷപ്പെട്ട ഏകയാളായ വിശ്വാസ്കുമാർ രമേശിന്റെ വാക്കുകളാണിത്.
കഴിഞ്ഞ ജൂണ് 12ന് നടന്ന വിമാനാപകടത്തിൽനിന്നു ലോകത്തെ അത്ഭുതപ്പെടുത്തിയ അസാധാരണമായ രക്ഷപ്പെടലിനുശേഷം ആദ്യമായാണു തന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചു 39 വയസുള്ള രമേശ് മാധ്യമങ്ങളോടു സംസാരിക്കുന്നത്. ഇന്ത്യയിലെ ചികിൽസയ്ക്കു ശേഷം ഇംഗ്ലണ്ടിലെ ലെസ്റ്ററിലുള്ള വസതിയിൽ നാലു മാസത്തിലേറെയായി പുറംലോകവുമായി ബന്ധമില്ലാതെ കഴിയുകയായിരുന്നു ഇദ്ദേഹം. ഗുജറാത്തിയായ രമേശിന് ബ്രിട്ടീഷ് പൗരത്വം ഉള്ളതിനാൽ കുടുബസമേതം ലെസ്റ്ററിലാണു താമസം.
അപകടത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും എയർ ഇന്ത്യ അധികാരികളും നേരിട്ട് കണ്ടിരുന്നു. പിന്നീട് ലെസ്റ്ററിലെ വീട്ടിലേക്കു മടങ്ങിയതിനുശേഷം, രമേശിനെ പോസ്റ്റ്-ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ (പിടിഎസ്ഡി) ബാധിച്ചുവെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പറഞ്ഞു. ഇന്ത്യയിൽവച്ചുതന്നെ ഇതു കണ്ടെത്തിയെങ്കിലും ഇംഗ്ലണ്ടിലെത്തിയ ശേഷം ചികിൽസയുണ്ടായില്ല.
എയർ ഇന്ത്യ നൽകിയ 21,500 പൗണ്ട് (21,50,000 രൂപ) നഷ്ടപരിഹാരം കൊണ്ട് ഒന്നുമായില്ല. അടിയന്തര ആവശ്യങ്ങൾ നിറവേറ്റാൻ ഇത് പര്യാപ്തമല്ലെന്ന് രമേശ് പറഞ്ഞു. എയർ ഇന്ത്യയുടെ ഉത്തരവാദിത്വപ്പെട്ട പ്രതിനിധികൾ തന്നെ വന്നു കണ്ടു സംസാരിച്ചശേഷം വേണ്ടതു ചെയ്യുമെന്ന പ്രതീക്ഷയിലാണ് രമേശ്.
മാനസിക, ശാരീരിക പ്രയാസങ്ങൾക്കു പുറമെ സാന്പത്തികമായും കഷ്ടപ്പെടുന്നതു കൊണ്ടാണ് രമേശ് മാധ്യമങ്ങളോട് സംസാരിക്കാൻ നിർബന്ധിതനായതെന്ന് സുഹൃത്തുക്കൾ വിശദീകരിച്ചു. രമേശിനെ നേരിൽ കണ്ടു ചർച്ച നടത്തുമെന്ന് ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർലൈൻ കന്പനി ഇന്നലെ വ്യക്തമാക്കി.
വിമാനത്തിൽ ഏതാനും സീറ്റുകൾ അകലെയിരുന്ന രമേശിന്റെ ഇളയ സഹോദരൻ അജയും വിമാനാപകടത്തിൽ കൊല്ലപ്പെട്ടിരുന്നു. വിമാനയാത്രികരിൽ മരിച്ച 169 പേർ ഇന്ത്യക്കാരും 52 പേർ ബ്രിട്ടീഷുകാരുമാണ്. വിമാനം വീണാണു ബിജെ മെഡിക്കൽ കോളജിലെ ഡോക്ടർമാരും വിദ്യാർഥികളും വഴിക്കച്ചവടക്കാരും അടക്കം 19 പേർ മരിച്ചത്.
താൻ രക്ഷപ്പെട്ടത് അത്ഭുതം ആണെങ്കിലും എല്ലാമായിരുന്ന അനുജന്റെ മരണം ഇപ്പോഴും താങ്ങാനാകുന്നില്ലെന്ന് രമേശ് പറഞ്ഞു. എപ്പോഴും പിന്തുണച്ചിരുന്ന അനുജൻ തന്റെ നട്ടെല്ലായിരുന്നു. “വിമാന ദുരന്തത്തെ അതിജീവിച്ച ഒരേയൊരു വ്യക്തിയാണ്. എന്നിട്ടും എനിക്കു വിശ്വസിക്കാൻ കഴിയുന്നില്ല. അതൊരു അത്ഭുതമാണ്.’’ ഗുജറാത്തി ഭാഷ സംസാരിക്കുന്ന രമേശ് വികാരഭരിതനായി പറഞ്ഞു.
ബോയിംഗ് 787 വിമാനം അഹമ്മദാബാദിലെ മെഡിക്കൽ കോളജ് ഹോസ്റ്റലിനു മുകളിൽ തകർന്നു വീണപ്പോൾ ഉയർന്ന തീജ്വാലകൾക്കും പുകച്ചുരുളിനുമിടയിലൂടെ രമേശ് നടന്നുപോകുന്ന വീഡിയോ ദൃശ്യം അന്നു വൈറലായിരുന്നു. അഹമ്മബദാബാദിൽ നിന്ന് ലണ്ടൻ ഗാറ്റ്വിക്കിലേക്കുള്ള എയർ ഇന്ത്യയുടെ 171-ാം നന്പർ വിമാനത്തിൽ എമർജൻസി വാതിലിനടുത്തുള്ള 11-എ സീറ്റിലായിരുന്നു രമേശ്.
ദുരന്തത്തിന്റെ വിനാശകരമായ ആഘാതത്തിൽ നിന്നു കരകയറാൻ കഴിഞ്ഞിട്ടില്ലെന്ന് രമേശ് പറയുന്നു. “ഞാനിപ്പോൾ ഒറ്റയ്ക്കാണ്. എന്റെ മുറിയിൽ ഒറ്റയ്ക്കാണ്. ഭാര്യയുമായോ മകനുമായോ പോലും സംസാരിക്കുന്നില്ല. എന്റെ വീട്ടിൽ ഒറ്റയ്ക്കിരിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു’’, ബിബിസി ലേഖകനോട് രമേശ് പറഞ്ഞു. ദുരന്തത്തിന്റെ സംഭവങ്ങൾ ഓർക്കുന്നതു വളരെ വേദനാജനകമാണ്. അപകടം നടന്ന ദിവസത്തെക്കുറിച്ചുള്ള ഓർമകളൊന്നും പറയാൻ ഇപ്പോൾ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.